Tuesday, February 9, 2016

Action Hero Biju

കണ്ടു മടുത്ത പോലിസ് കഥാപാത്രങ്ങളെ പൊളിച്ചടുക്കുന്ന സിനിമയും കഥാപാത്രവും എന്ന രീതിയിൽ ആണ് 'ആക്ഷൻ ഹീറോ ബിജു' സോഷ്യൽ മീഡിയയിൽ വാഴ്ത്തപ്പെടുന്നത്. പക്ഷെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ഇമ്മാതിരി ഉള്ള ഫീൽ ഒന്നും നൽകാൻ ഈ സിനിമയ്ക്കു കഴിയുന്നില്ലെങ്കിൽ അത് സംവിധായകന്റെ പരാജയം തന്നെ ആണ്. 1983 എന്ന സിനിമയിലൂടെ ഉയർത്തിയ പ്രതീക്ഷകൾ നില നിർത്താൻ എബ്രിഡ് ഷൈൻ എന്ന സംവിധായകന് കഴിഞ്ഞില്ല.

കറുത്ത വിരൂപരായ മനുഷ്യരെ കാലാകാലങ്ങളായി മലയാള സിനിമയിൽ നെഗറ്റീവ് കഥാപാത്രങ്ങളായി കാണാറുണ്ടെങ്കിലും അതിത്ര ഭീകരമായി അനുഭവപ്പെട്ടത് ഇത് ആദ്യമായിട്ടാണ്. ഈ സിനിമയിൽ അങ്ങനെ ഉള്ള കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കാണാൻ കൊള്ളാത്ത കറുത്ത് പെടച്ച ഒരുത്തൻ നഗ്നത പ്രദർശിപ്പിച്ചു കുളിക്കുന്നതിലാണ് ഒരു സ്ത്രീയുടെ പരാതി. അത് കാണാൻ കൊള്ളാവുന്ന ഒരുത്തൻ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു എന്നും അവർ ബിജുവിനോട് സമ്മതിക്കുന്നുണ്ട്. അങ്ങനെ കണ്ടു കണ്ടു അവസാനം വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ നെഗറ്റീവ് റോളിൽ വന്നപ്പോൾ അതങ്ങ് ഉൾക്കൊള്ളാൻ ഒരു കാണി എന്ന നിലയിൽ അല്പ്പം സമയം എടുത്തു.

ചാന്തുപൊട്ട് എന്ന സിനിമ തുടങ്ങി വച്ച ലൈംഗിക ന്യൂനപക്ഷങ്ങളെ വികലമായി ചിത്രീകരിക്കുന്ന രീതി ഈ സിനിമയും തുടരുന്നുണ്ട്. അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികൾ അയക്കുന്ന പൈസക്ക് പുട്ടടിച്ച് നാട്ടിൽ സുഖിച്ചു ജീവിക്കുന്ന മല്ലൂസ്സിന് അവിടെ പണിക്കു വരുന്ന അന്യസംസ്ഥാനക്കാരെ സംശയ ദൃഷ്ടിയോടെ മാത്രമേ ഇപ്പോഴും കാണാൻ കഴിയുന്നുള്ളൂ എന്നത് ഈ അടുത്ത കാലത്തിറങ്ങിയ മറ്റു മലയാള സിനിമകളെ പോലെ ബിജുവും അടിവരയിട്ട് പ്രസ്താവിക്കുന്നു. 'വേലി ചാടിയ പശു കോല് കൊണ്ട് ചാകും' എന്ന്‌ തുടങ്ങിയ പ്രസ്താവനകളിലൂടെ ബിജു ഒരു മോറൽ പോലീസും ആകുന്നുണ്ട് ഈ സിനിമയിലൂടെ.

പോളിക്ക് റേഞ്ച് ഇല്ല എന്ന ശ്യാമപ്രസാദിന്റെ പ്രസ്താവന (?) ശരിവയ്ക്കുന്ന രീതിയിൽ അയാൾ മാരകമായി അഭിനയിച്ചു കളഞ്ഞു. ഡയലോഗ് ഒക്കെ പറയാൻ അങ്ങേര് ഒത്തിരി പെടാപ്പാട് പെട്ടു. പുള്ളി കുറേക്കാലം കൂടി പ്രേമം ടൈപ്പ് സിനിമകൾ ഒക്കെ ചെയ്തു തെളിയാനുണ്ട്.


(1983 ന്റെ ഓർമയിൽ ഒത്തിരി പൈസ കൊടുത്തു ഒരു മൽറ്റിപ്ലെക്സിൽ കയറി ഈ സിനിമ കണ്ട് കാശു പോയി കലിപ്പ് കയറിയ ഒരു മറുനാടൻ മലയാളി)

No comments:

Post a Comment